Tuesday, May 31, 2011

ആണ്ട്രൂസും ജാവിയും പിന്നെ സിഗരറ്റും.

ഓഫീസിലെ മരവിപ്പില്‍ നിന്ന് ആകെ ഉള്ള ഒരു മോചനം രാവിലെയും വൈകീട്ടുമുള്ള  ഉള്ള ചായ കുടിയും. ഉച്ചക്കത്തെ ഊണ്‍ സമയവും ആണ്. അണ്ട്രൂസിനെ പരമാവധി വധിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സാജനും ജാവീദും ചായ കുടിക്കാന്‍ ഇറങ്ങുന്നത് തന്നെ. ഉച്ച ഭക്ഷണത്തിന് ശേഷം ഒരു പുക എനിക്ക് പതിവുള്ളതാണ്. ഈ സമയം മറ്റുള്ളവര്‍ എനിക്ക് കൂട്ട് നില്‍ക്കും. 

താന്‍ വല്ല്യ പുകവലിക്കാരന്‍ ആണ് എന്നാണു ആണ്ട്രൂസ് എല്ലാവോടും പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. പക്ഷെ പലവട്ടം ഞാന്‍ നിര്‍ബന്ധിച്ചിട്ടും ( ഒരാളെ വെടക്കാക്കാന്‍ കിട്ടുന്ന ഒരവസരവും നമ്മള്‍ പാഴാക്കാന്‍ പാടില്ലല്ലോ)  ഒരു പുക പോലും എടുക്കാന്‍ ആണ്ട്രൂസ് ഇന്നേവരെ തയ്യാറായിട്ടില്ല. പക്ഷെ എന്നെ ഉപദേശിക്കുന്നതില്‍ ഒരു കുറവും ആണ്ട്രൂസ് വരുത്തിയില്ല. ഇത് നല്ലതല്ല, അത് അറിഞ്ഞത് കൊണ്ടാ ഞാന്‍ നിര്‍ത്തിയത്.  പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ ഓരോ പിരീട് കഴിയുമ്പോഴും ഞാനും എന്റെ പിള്ളേരും മൂത്ര പുരയില്‍ കേറി വലിക്കാറുണ്ട്. ടീച്ചര്മാര്‍ക്കൊക്കെ എന്നെ പേടിയായിരുന്നു... അങ്ങനെ ഓരോരോ വീര സാഹസിക കഥകള്‍ .

പിന്നീട്  ചില ദിവസങ്ങളില്‍ എന്റെ കയ്യില്‍ നിന്ന് സിഗരറ്റ് വാങ്ങി ആണ്ട്രൂസ് രണ്ടു മൂന്നു പുക അകത്താക്കാനും തുടങ്ങി. അങ്ങനെ ഒരു ദിവസം,  സമയം 12 ആകുന്നെ ഉള്ളു. പെട്ടെന്ന് ചാറ്റ് ബോക്സ് പൊങ്ങി വന്നു. അതില്‍ ജാവിയുടെ ചോദ്യം "ഡാ ഫുഡ്???"  ഫുഡ് കഴിക്കാന്‍ പോകാം എന്നാണ് ആ ചോദ്യത്തിന്റെ അര്‍ഥം .
ഇത്ര പെട്ടെന്നൊ എന്ന് തിരിച്ചു ചോദിക്കും മുമ്പേ പ്രസവ വേദന കിട്ടിയ പെണ്ണുങ്ങളെ പോലെ ജാവി സിസ്റ്റം ലോക്ക്  ചെയ്തു ചാടി എഴുന്നേറ്റു നിബിനെയും സാജനെയും തൂക്കി എടുത്തു ഓഫീസിനു പുറത്തെത്തി. ഞാനും പാവം അണ്ട്രൂസും പുറകെ ഓടി. ഭക്ഷണം കഴിച്ചു വരുന്ന വഴി സ്ഥിരം ബ്രാന്‍ഡ്‌ സിഗരറ്റും വാങ്ങി ഞാന്‍ എപ്പോഴും നിക്കണ മരച്ചോട്ടിലേക്ക് നടന്നു. പക്ഷെ അന്നവിടെ വണ്ടികള്‍ ഒരുപാട് പാര്‍ക്ക് ചെയ്തതിനാല്‍ ഞങ്ങള്‍ക്ക്  നില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ സിഗരറ്റ് വാങ്ങിയ ആ കടയിലേക്ക് ഞങ്ങള്‍ എല്ലാരും കയറി നിന്നു . കാരണം പുറത്തു നല്ല വെയില്‍ ആണ്. കടയ്ക്കു അകത്തു കേറുകയെ നിവൃത്തിയുള്ളൂ , അവിടെയാണെങ്കില്‍ ഫാന്‍ നല്ല സ്പീഡില്‍ ഇട്ടിട്ടുണ്ട്. എന്താണെന്ന് അറിയില്ല പണ്ടാരത്തിന്  ഒടുക്കത്തെ കാറ്റ്. എത്ര ഉരച്ചിട്ടും തീപ്പെട്ടി കേട്ട് പോകുന്നു. ഉരച്ചു ഉരച്ചു ഞാന്‍ ക്ഷീണിച്ചു. 

എന്നെ സഹായിക്കാന്‍ എന്ന രീതിയില്‍ ജാവി മുന്നോട്ടു വന്നു എന്നോട് ആജ്ഞാപിച്ചു "ഇങ്ങു താടെ"
ഞാന്‍ തീപ്പെട്ടി അവന്റെ കയ്യില്‍ കൊടുത്തു. 
"എന്തിനാടോ സിഗരറ്റ് കത്തിക്കാന്‍ അറിയില്ലെങ്കില്‍ ഇതും കൊണ്ട് നടക്കുന്നത് ??" ജാവിയുടെ ചോദ്യം.
"പോടാ കാറ്റ് ഉള്ളതുകൊണ്ടല്ലേ , അല്ലേല്‍ എപ്പോളും ഞാന്‍ കത്തിക്കുന്നതല്ലേ ..!!!" ഞാനും വിട്ടില്ല.
"ഇതിനൊക്കെ ഒരു കൈ വഴക്കം വേണം, ദാ കണ്ടു പഠിച്ചോ.."
"ജാവി നല്ല കാറ്റ് ണ്ടിട്ട്രാ" സാജന്‍ ഉപദേശിച്ചു.
"ഒന്ന് പോടാ ചെക്കാ കോയിക്കോട് കടപ്പുറത്ത് നിന്ന് ആ കാറ്റത്ത്‌ തീപ്പെട്ടി ഒറച്ചു കതിച്ചവനാണീ ജാവി, നിനക്കെന്തറിയാം"
പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം.
"അതിനു കോഴിക്കോട് കടപ്പുറത്തെവിടെയാ  ഫാന്‍ ?"
മറ്റാരുമായിരുന്നില്ല നമ്മുടെ ആണ്ട്രൂസിന്റെ വക ആയിരുന്നു ആ ചോദ്യം... 


Wednesday, May 18, 2011

"ഡാ ഗഡിയെ ആ ഫാനൊന്നിട്ട്രാ..."

Btech നു ശേഷം ജോലി തെണ്ടി ചെന്ന് പെട്ടത് ചെന്നൈയില്‍ . കൂടെ താമസിക്കാനോ ഏതാണ്ട് എന്റെ എല്ലാ ഗുണങ്ങളും(ചില സ്വഭാവങ്ങളില്‍ എന്നെക്കാള്‍ ബെടക്കും) ഉള്ള മൂന്നുപേര്‍ . സച്ചിതാനന്ദന്‍ (സച്ചി) എന്ന കോയിക്കോട്ടുകാരന്‍ .റനീഷ് , ആഷിഫ്‌  എന്നീ തൃശൂര്‍ ഗഡികള്‍. ഇതില്‍ ആഷിഫും റനീഷ് ഉം ക്ലാസ് മേറ്റും ബഞ്ചു മേറ്റും ആണ്. തമ്മില്‍ കണ്ടാല്‍ അപ്പൊ തുടങ്ങും വഴക്ക്. റൂമിലെ എനിക്ക് മാത്രമേ ജോലിയുള്ളൂ, (എന്ന് കരുതി ബാക്കിയെല്ലാം എന്റെ ചിലവില്‍ ആണെന്ന് കരുതരുത്.അവനെയൊക്കെ പോറ്റാന്‍ എനിക്കെന്താ നൊസ്സ് ഉണ്ടോ ?)
അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച രനീഷും ആഷിഫും രണ്ടും മൂന്നും പറഞ്ഞു തെറ്റി. പിന്നെ തെറി വിളിയായി. അവരുടെ കുടുംബങ്ങളിലെ തായ് വഴിക്കുള്ളവരെ പോലും പരസ്പരം പലതും വിളിക്കുവാന്‍ തുടങ്ങി. അവസാനം അത് അമ്മയിലും അച്ഛനിലും വന്നെത്തിയപ്പോ റനീഷ് "ഞാന്‍ പറഞ്ഞത് തന്നെ ആണ് ശരി" എന്ന് സ്വയം പ്രസ്താവിച്ചു റൂമില്‍ നിന്ന് ഇറങ്ങി പോയി.

റൂമില്‍ വെറുതെ ഇരിക്കുമ്പോ കാരംബോര്‍ഡ്‌  കളിക്കുക എന്നത് ഞങ്ങളുടെ സ്ഥിര വിനോദം ആയിരുന്നു. അന്ന് ഞങ്ങള്‍ മൂന്നുപേര്‍ റനീഷ് പോയതിനു ശേഷം കാരംബോര്‍ഡ്‌ കളിയ്ക്കാന്‍ ഇരുന്നു. സമയം ഏതാണ്ട് സന്ധ്യ കഴിഞ്ഞിരുന്നു. പുറത്താണെങ്കില്‍ നല്ല മഴയും. ചെന്നൈയിലെ ചൂടിനേക്കാള്‍ കഠിനം (വൃത്തികേട് എന്ന് വേണം പറയാന്‍ ) ആണ് അവിടുത്തെ മഴ.ഞാനും സച്ചിയും ഒരു ടീം ആഷിഫ്‌ റനീഷ് ഉണ്ടെന്നു സങ്കല്‍പ്പിച്ചു മാറിമാറി കളിക്കുകയാണ്. ഇതില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ , അവന്‍ പറയുന്ന ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഞങ്ങള്‍ കൂടി കേള്‍ക്കേണ്ടി വരും എന്നുള്ളതിനാല്‍ . ഞങ്ങള്‍ അതങ്ങ് സഹിച്ചു. 

പെട്ടെന്ന് മഴ കൂടി, ശക്തിയായ കാറ്റും നല്ല ഇടിയും മിന്നലും. മിന്നല്‍ കൂടി ആയപ്പോ. കറണ്ട് പോയി. കളിയുടെ ആവേശം കൊണ്ട് മെഴുകുതിരി കാരംബോര്‍ഡ് ന്റെ നാല് മൂലയ്ക്കും കത്തിച്ചു വച്ചായിരുന്നു പിന്നീടുള്ള കളി. കളിക്കിടയില്‍ മഴ നിന്നത് ഞങ്ങള്‍ അറിഞ്ഞില്ല.
കൊറച്ചു കഴിഞ്ഞപ്പോ റനീഷ് വന്നു. ആള്‍ നനഞ്ഞിട്ടോന്നും ഇല്ല. ആഷിഫുമായുള്ള പിണക്കം തീര്‍ക്കാന്‍ സിഗരറ്റ് വലിക്കാന്‍ പോയതായിരുന്നു മഹാന്‍ . വന്ന ഉടനെ കലിപ്പോടെ ആഷിഫിനെ നോക്കി ഒന്ന് ആക്കി. ആഷിഫ്‌ തിരിച്ചും.
"ഞങ്ങള്‍ വിചാരിച്ചു നീ തോറ്റു നാടുവിട്ടു കാണും എന്ന്" ആഷിഫ്‌ അവനെ ചൊറിയാന്‍ തുടങ്ങി. രനീഷിനു മിണ്ടാട്ടം ഇല്ല. ആള്‍ ഭയങ്കര സീരിയസ് ആണ്.
ഷര്‍ട്ടൊക്കെ വലിച്ചഴിച്ചു ദൂരേക്കെറിഞ്ഞു അവന്‍ എന്നോട് ആജ്ഞാപിച്ചു 
"ഡാ ഗഡിയെ ആ ഫാനൊന്നിട്ട്രാ..."
"നിനക്ക് കണ്ണ് കണ്ടൂടെ പൊട്ടാ, മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ? " എന്ന് ഞാനും.
"ഓ സോറി ഡാ കെട്ടുപോകും അല്ലെ..."
കയ്യില്‍ ബാക്കിയിരുന്ന ഒരു സിഗരറ്റും കത്തിച്ചു അവന്‍ നേരെ അടുക്കള ഭാഗത്തെ കിണറിന്റെ അടുത്തേക്ക് പോയി.

Tuesday, May 17, 2011

ബ്ലാക്ക്ബെറിക്കൊക്കെ ഒടുക്കത്തെ പൈസയാണ് സാര്‍

കുറച്ചു നാളുകള്‍ക്കു മുന്നേ ഓഫീസില്‍ എല്ലാവരും തിരക്കില്‍ ആണ്.ഓരോരുത്തരും അവരവരുടെ ജോലികളില്‍ മുഴുകി നില്‍ക്കുന്നു. പലയാലുകള്‍ക്കും പല ജോലികളും തീര്‍കേണ്ട അവസാന സമയം അടുത്ത് കൊണ്ടിരിക്കുന്നു. മറ്റു ചിലര്‍ക്ക് കുറച്ചുപേര്‍ കമ്പനി വിട്ടു വേറെ പോയപ്പോ അവരുടെയും കൂടെ ജോലി സ്വന്തം തലയില്‍ വീണതിന്റെ സങ്കടത്തില്‍ . അപ്പോള്‍ ഒരാള്‍ മാത്രം നമ്മുടെ കൂട്ടത്തില്‍ ചിരിച്ചു കൊണ്ടിരിക്കുന്നു.

ആപ്പിളിന്റെ തലയില്‍ ചവിട്ടി ലോകം കീഴടക്കിയ Android എന്ന പുതിയ ടെക്നോളജി യില്‍ നമ്മുടെ ഓഫീസിന്റെ ആകെ സമ്പാദ്യം ആയ ഞങ്ങള്‍ Android എന്നത് ചുരുക്കി ആണ്ട്രൂസ് എന്ന് വിളിക്കുന്ന അനൂപ്‌ ആയിരുന്നു അവന്‍ .
അവന്റെ ചിരിക്കു പിന്നില്‍ പല കാരണങ്ങളും ഉണ്ട്. വന്നു ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെയ്ത പ്രോജക്ടുകളുടെ എണ്ണം നോക്കിയാല്‍ നമ്മുടെ PM നെ കാലും കൂടുതല്‍ ചെയ്തത് അവനാണ് എന്നാണ് അവന്റെ ഭാഷ്യം. (സത്യമാണോ അല്ലെയോ എന്നത് PM നോട് ചോദിച്ചാല്‍ അറിയാം).

പിന്നെ ഞങ്ങളൊക്കെ ഉള്ളത് പരമ്പരാഗതമായ cold fusion, java php, testing എന്നീ വിഭാഗങ്ങളിലും അവന്‍ ഉള്ളത് നൂറ്റാണ്ടിന്റെ സ്പന്ദനം എന്ന് അവന്‍ അവകാശ പെടുന്ന Android എന്ന മേഖലയിലും ആകൊമ്പോ ചിരിക്കാനുള്ള അവന്റെ അവകാശത്തെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലുമുള്ള അവകാശം ഞങ്ങള്‍ക്കില്ല. പിന്നെ എല്ലാവരും നിന്ന് തിരിയാന്‍ നേരമില്ലാതെ ഓടുമ്പോ ഇപ്പൊ അവനു മാത്രം പ്രത്യേകിച്ച് പണിയൊന്നും ഇല്ല. അതാണ് ചിരിയുടെ പിന്നിലെ മറ്റൊരു കാരണം.

അങ്ങനെ ഇരിക്കെ ഒരു ദിവസം. വെറുതെ ഇരിക്കാന്‍ ഓഫീസില്‍ വന്ന അണ്ട്രൂസിനോട് രാവിലെ തന്നെ PM പറഞ്ഞു. ഒരു Blackberry പ്രോജക്റ്റ് വരുന്നുണ്ട്. നീ മാത്രമേ ഉള്ളു ചെയ്യാന്‍ അതു കൊണ്ട് അതിനെ പറ്റി ഒരു പഠനം നടത്തണം എന്ന്. "തന്നെ കൊണ്ട് മാത്രം " എന്നൊക്കെ കേട്ടപ്പോ ആണ്ട്രൂസിന്റെ ശരീരത്തില്‍ ആകെ ഉണ്ടായിരുന്ന രണ്ടു മൂന്നു രോമങ്ങള്‍ പോലും ചാടി എഴുന്നേറ്റു.
പിന്നീട് കണ്ടത്. സൈറ്റുകള്‍ മാറി മാറി നോക്കുന്ന ആണ്ട്രൂസിനെ ആണ്. ഞങ്ങള്‍ക്കൊന്നും എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല. ആണ്ട്രൂസ് ഒന്നും പറഞ്ഞും ഇല്ല. ചോറും ചായയും പോലും കുടിക്കാതെ പാവം വൈകുന്നേരം വരെ ആ സിസ്റ്റത്തിന് മുന്നില്‍ കുത്തിയിരുന്നു.

വൈകുന്നേരം ആയപ്പോള്‍ PM അവനെ വിളിപ്പിച്ചു. ഞങ്ങള്‍ എല്ലാരും കേള്‍ക്കെ "എന്തായി" എന്ന് ചോദിച്ചു.
"എല്ലാം കഴിഞ്ഞു സാര്‍ " എന്ന് അവന്റെ ആ നാലുതരം ശബ്ദത്തില്‍ അവന്‍ വിളിച്ചു പറഞ്ഞു.
"എന്താണ് നിനക്ക് മനസ്സിലായത്‌? എന്ത് വെത്യാസം ആണ് Android ഉം Blackberry യും തമ്മില്‍ ഉള്ളത്?."
"നല്ല വെത്യാസം ഉണ്ട് സാറേ, ബ്ലാക്ബെരിക്കു ഒടുക്കത്തെ പൈസ ആണ്. കേമറയും കൂടെ ആകുമ്പോ പിന്നെ പറയണ്ട. വെല കൊറഞ്ഞ രണ്ടു മൂന്നു എണ്ണത്തിന്റെ പേരും details ഉം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. സാറിനു വേണമെങ്കില്‍ ഞാന്‍ തരാം."
ഇത് കേട്ടതും PM അടുത്തിരുന്ന കസേരയിലേക്ക് തലയില്കയ്യും വച്ചിരിക്കുന്നതും നമ്മള്‍ കണ്ടു.

(blackberry യില്‍ കിട്ടിയ പ്രോജക്റ്റ് ചെയ്യാന്‍ ആ ടെക്നോളജിയെ പറ്റി പഠിക്കണം എന്ന് പറഞ്ഞു പോയ ഒരു തെറ്റെ പാവം PM ചെയ്തുള്ളൂ.)

"എന്നാപ്പിന്നെ അങ്ങേര്‍ക്കു തെളിച്ചു പറഞ്ഞൂടായിരുന്നോ, ഞാനാണേല്‍ ഉള്ള മൊബൈലിന്റെ സൈറ്റിലോക്കെ കയറി പൈസ നോക്കി സമയം കളഞ്ഞു." സത്യാവസ്ഥ മനസ്സിലായപ്പോ അണ്ട്രൂസിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

Note : ഇതൊന്നും പക്ഷെ ആണ്ട്രൂസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. പുതിയ പുതിയ പ്രോജക്ടുകലുമായി ആണ്ട്രൂസ് തേരോട്ടം തുടരുകയാണ്.


മാഷ്ക് അത്ര നിര്‍ബന്ധം ആണെങ്കില്‍ പകുതി തന്നേക്ക്‌.

പ്രി ഡിഗ്രി കഴിഞ്ഞു കൂടെ പഠിച്ചവരൊക്കെ എഞ്ചിനീയറിങ്ങിനോക്കെ പോയപ്പോ എനിക്ക് വിധിച്ചത് വീടിനടുത്തുള്ള പോളിയില്‍ ചേരാന്‍ ആയിരുന്നു. എന്നെ ഒതുക്കുവാനുള്ള എന്റെ വീട്ടുകാരുടെ അടവാണ് വീടിനടുത്ത് എന്നെ ഇങ്ങനെ ചേര്‍ക്കാന്‍ കാരണം. കൂടെ പ്രി ഡിഗ്രീ പഠിച്ച ജിഷ്ണു നവനീത് പിന്നെ അവിടുന്ന് പരിചയ പെട്ട അന്‍വര്‍ അഖിലേഷ് സുധീഷ്‌ അങ്ങനെ കുറച്ചു പേര്‍ അടങ്ങുന്ന എന്റെ ചങ്ങാതി കൂട്ടം.

പഠനത്തെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ക്കിഷ്ട്ടം എല്ലാവരെയും പോലെ ക്ലാസ് കട്ട് ചെയ്യുവാനും ,അടുത്തുള്ള boys ഹോസ്റ്റലില്‍ (ഹോസ്റ്റല്‍ എന്ന് അതിനെ പറയാന്‍ പറ്റുമോ എന്ന് അറിയില്ല) പോയി ഇരിക്കാനും ആയിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പ്രായം ചെന്നവന്‍ അന്‍വര്‍ ആയിരുന്നു. വല്ല്യ പണക്കാരന്‍ ആണെങ്കിലും അതിന്റെ യാതൊരു വിധ അഹങ്കാരവും പെരുമാറ്റത്തിലും സംസാരത്തിലും ഇല്ലാത്തവന്‍ ആയിരുന്നു അന്‍വര്‍. നഗരത്തില്‍ അമ്മാമന്‍ നടത്തുന്ന ഹോട്ടലില്‍ ചായ അടിക്കാനും , പ്ലയിറ്റ്‌ കഴുകാനും മറ്റും സഹായിക്കുക ആണ് അവന്റെ പ്രധാന വിനോദം. പണിയെടുക്കാന്‍ ഉള്ള ആത്മാര്‍ഥത കൊണ്ടല്ല ഇതൊക്കെ ചെയ്യുന്നത്. ഉള്ള പണിയൊക്കെ ചെയ്‌താല്‍ മാത്രമേ അടുത്ത ആഴ്ച്ചതെക്കുള്ള പൈസ അമ്മാമന്‍ അവനു കൊടുക്കുകയുള്ളൂ. ഉപ്പ ഗള്‍ഫില്‍ ആയതിനാല്‍ അമ്മാമന് ആണ് ഇവന്റെ ചാര്‍ജ്.
ആഴ്ചയില്‍ ഒരിക്കല്‍ ക്ലാസ്സില്‍ വരുന്ന അന്‍വര്‍ ഞങ്ങള്‍കൊക്കെ ഒരു അത്ഭുതം ആയിരുന്നു.
അങ്ങനെ ഫസ്റ്റ് ഇയര്‍ അവസാനം ആയി. ക്ലാസ്സില്‍ എല്ലാവരും ലാബ്‌ record എഴുതുന്ന തിരക്കില്‍ ആണ്. കൂട്ടത്തില്‍ ഞാനും. ഈ സമയത്തൊന്നും അന്‍വര്‍ നു ഒരു കുലുക്കവും ഇല്ലായിരുന്നു. കാരണം recordinu മുന്നേ കാണിക്കണ്ട ref record വരെ അവന്‍ എഴുതിയിട്ടില്ല. അങ്ങനെ ഒന്ന് എഴുതണം എന്ന് അവനു അറിയില്ല എന്നതാണ് സത്യം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവന് ഒരു മാറ്റവും കാണാത്തത് കണ്ടു കൂട്ടത്തില്‍ പഠിപ്പിസ്ടായ ജിഷ്ണു അവനെ ഉപദേശിച്ചു.
അങ്ങനെ ആരുടെയൊക്കെയോ നോക്കി എന്തൊക്കെയോ എഴുതി മറ്റുള്ളവരുടെ കൂടെ അവനും മാഷിന്റെ മുന്നില്‍ വരിയില്‍ നിന്നു. രാവിലെ തൊട്ടു നില്‍ക്കുന്നവരാണ് ബാക്കിയുള്ളവര്‍ . എല്ലാവരും അടങ്ങി നില്‍ക്കുമ്പോള്‍ ഇടയ്ക്കിടെ ചോറ് തിന്നുവാനും, വെള്ളം കുടിക്കുവാനും വരിയില്‍ പകരം ജൂനിയര്‍ പിള്ളേരെ നിര്‍ത്തി അന്‍വര്‍ പോകുന്നുണ്ടായിരുന്നു. അന്‍വര്‍ ന്റെ തൊട്ടു പിന്നില്‍ തന്നെ ആണ് എന്റെയും ജിഷ്ണുവിന്റെയും സ്ഥാനം.

ഒരു മൂന്നു മൂന്നര ആയപ്പോ അന്‍വര്‍ മുന്നില്‍ എത്തി. ചായ സമയം ആയിരുന്നു അപ്പൊ. ഓഫീസ് പ്യൂണ്‍ കണ്ണേട്ടന്‍ മാഷിനു ചായ കൊണ്ട് കൊടുത്തു. ഒരു പ്ലേറ്റില്‍ രണ്ടു പരിപ്പ് വടയും. വിശന്നിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നില്‍ ഇത് കൊണ്ട് ചെന്ന് വെച്ച കണ്ണേട്ടനെ ഞങ്ങള്‍ മനമുരുകി ശപിച്ചു. അപ്പോളൊക്കെ മുന്നില്‍ നില്‍ക്കുന്ന അന്‍വര്‍ ന്റെ നോട്ടം ആവി പറക്കുന്ന ആ വടകളില്‍ ആയിരുന്നു.

കയ്യിലിരിക്കുന്ന record മാഷിന്റെ മുന്നിലെക്കവന്‍ വച്ചു കൊടുത്തു. രണ്ടു മൂന്നു പേജു മാഷ് മറിച്ച് നോക്കി. ഇതൊന്നും അവന്‍ ശ്രദ്ധിച്ചില്ല, ഈ സമയത്തൊക്കെ വായിലൂരുന്ന വെള്ളവുമായി ആ വടകളില്‍ ആയിരുന്നു അന്‍വര്‍ന്റെ ശ്രദ്ധ.
പെട്ടെന്ന് മാഷ് അവനോടു പറഞ്ഞു.
"അന്‍വര്‍ നീ എടുത്തോ"
"ഹേ.. വേണ്ട സാര്‍ "
"അല്ലെടോ നീ എടുത്തോ"
"വേണ്ട മാഷെ വേണ്ടാഞ്ഞിട്ടല്ലേ"
മാഷിന്റെ മുഖഭാവം ചെറുതായി മരുന്നപോലെ തോന്നി.
"നിന്നോട് എടുക്കാനല്ലേ പറഞ്ഞെ"
"അല്ല മാഷെ ഞാന്‍ ഇപ്പൊ കഴിച്ചു വന്നെ ഉള്ളു, പിന്നെ മാഷിന് അത്ര നിര്‍ബന്ധം ആണെങ്കില്‍ ഒരു കഷ്ണം മതി"
പിന്നെ അവിടെ കേട്ടത് ഇവിടെ പറയാന്‍ കൊള്ളില്ല. അന്‍വര്‍ ന്റെ record പുറത്തേക്കു പറന്നു പോകുന്നത് മാത്രം ഞങ്ങള്‍ കണ്ടു. തെറ്റ് എഴുതിവച്ച record അവിടുന്ന് എടുക്കാന്‍ ആണ് മാഷ്‌ പറഞ്ഞത് എന്നത് അപ്പോളും മനസ്സിലാകാത്ത അന്‍വര്‍ ലാബിനു പുറത്തു കലി തുള്ളി നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചാടി വന്നു എന്നോട് പറഞ്ഞു.
"അയാളുടെ (മാഷിന്റെ) വിചാരം എന്താ? "
"എന്തെടാ"
" അല്ല ഞാന്‍ അയാളോട് വട വേണം എന്ന് അങ്ങോട്ട്‌ ചോദിച്ചൊന്നും ഇല്ലല്ലോ, അയാള്‍ ഇങ്ങോട്ട് ചോദിച്ചതല്ലേ , എന്നിട് വേണം എന്ന് പറഞ്ഞപ്പോ അവന്റെ കൊപ്പിലാതെ ഇടപാട്.. @%#% %^$%^$ ^$%^$^, പരിപ്പ് വട കാണാത്ത കുടുംബത്തില്‍ ഒന്നുമല്ല ഞാന്‍ ജനിച്ചത്‌.."
(ദേഷ്യം പിടിച്ച മാഷ്‌ അവിടെ നിന്നും എഴുന്നേറ്റു പോയതിനാല്‍ പിന്നെ ഒപ്പിടീക്കാന്‍ പിറ്റേന്ന് അങ്ങേരുടെ വീടുവരെ ഞങ്ങള്‍ക്ക് പോകേണ്ടി വന്നു എന്നത് വേറൊരു സത്യം.)