Wednesday, May 18, 2011

"ഡാ ഗഡിയെ ആ ഫാനൊന്നിട്ട്രാ..."

Btech നു ശേഷം ജോലി തെണ്ടി ചെന്ന് പെട്ടത് ചെന്നൈയില്‍ . കൂടെ താമസിക്കാനോ ഏതാണ്ട് എന്റെ എല്ലാ ഗുണങ്ങളും(ചില സ്വഭാവങ്ങളില്‍ എന്നെക്കാള്‍ ബെടക്കും) ഉള്ള മൂന്നുപേര്‍ . സച്ചിതാനന്ദന്‍ (സച്ചി) എന്ന കോയിക്കോട്ടുകാരന്‍ .റനീഷ് , ആഷിഫ്‌  എന്നീ തൃശൂര്‍ ഗഡികള്‍. ഇതില്‍ ആഷിഫും റനീഷ് ഉം ക്ലാസ് മേറ്റും ബഞ്ചു മേറ്റും ആണ്. തമ്മില്‍ കണ്ടാല്‍ അപ്പൊ തുടങ്ങും വഴക്ക്. റൂമിലെ എനിക്ക് മാത്രമേ ജോലിയുള്ളൂ, (എന്ന് കരുതി ബാക്കിയെല്ലാം എന്റെ ചിലവില്‍ ആണെന്ന് കരുതരുത്.അവനെയൊക്കെ പോറ്റാന്‍ എനിക്കെന്താ നൊസ്സ് ഉണ്ടോ ?)
അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച രനീഷും ആഷിഫും രണ്ടും മൂന്നും പറഞ്ഞു തെറ്റി. പിന്നെ തെറി വിളിയായി. അവരുടെ കുടുംബങ്ങളിലെ തായ് വഴിക്കുള്ളവരെ പോലും പരസ്പരം പലതും വിളിക്കുവാന്‍ തുടങ്ങി. അവസാനം അത് അമ്മയിലും അച്ഛനിലും വന്നെത്തിയപ്പോ റനീഷ് "ഞാന്‍ പറഞ്ഞത് തന്നെ ആണ് ശരി" എന്ന് സ്വയം പ്രസ്താവിച്ചു റൂമില്‍ നിന്ന് ഇറങ്ങി പോയി.

റൂമില്‍ വെറുതെ ഇരിക്കുമ്പോ കാരംബോര്‍ഡ്‌  കളിക്കുക എന്നത് ഞങ്ങളുടെ സ്ഥിര വിനോദം ആയിരുന്നു. അന്ന് ഞങ്ങള്‍ മൂന്നുപേര്‍ റനീഷ് പോയതിനു ശേഷം കാരംബോര്‍ഡ്‌ കളിയ്ക്കാന്‍ ഇരുന്നു. സമയം ഏതാണ്ട് സന്ധ്യ കഴിഞ്ഞിരുന്നു. പുറത്താണെങ്കില്‍ നല്ല മഴയും. ചെന്നൈയിലെ ചൂടിനേക്കാള്‍ കഠിനം (വൃത്തികേട് എന്ന് വേണം പറയാന്‍ ) ആണ് അവിടുത്തെ മഴ.ഞാനും സച്ചിയും ഒരു ടീം ആഷിഫ്‌ റനീഷ് ഉണ്ടെന്നു സങ്കല്‍പ്പിച്ചു മാറിമാറി കളിക്കുകയാണ്. ഇതില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ , അവന്‍ പറയുന്ന ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഞങ്ങള്‍ കൂടി കേള്‍ക്കേണ്ടി വരും എന്നുള്ളതിനാല്‍ . ഞങ്ങള്‍ അതങ്ങ് സഹിച്ചു. 

പെട്ടെന്ന് മഴ കൂടി, ശക്തിയായ കാറ്റും നല്ല ഇടിയും മിന്നലും. മിന്നല്‍ കൂടി ആയപ്പോ. കറണ്ട് പോയി. കളിയുടെ ആവേശം കൊണ്ട് മെഴുകുതിരി കാരംബോര്‍ഡ് ന്റെ നാല് മൂലയ്ക്കും കത്തിച്ചു വച്ചായിരുന്നു പിന്നീടുള്ള കളി. കളിക്കിടയില്‍ മഴ നിന്നത് ഞങ്ങള്‍ അറിഞ്ഞില്ല.
കൊറച്ചു കഴിഞ്ഞപ്പോ റനീഷ് വന്നു. ആള്‍ നനഞ്ഞിട്ടോന്നും ഇല്ല. ആഷിഫുമായുള്ള പിണക്കം തീര്‍ക്കാന്‍ സിഗരറ്റ് വലിക്കാന്‍ പോയതായിരുന്നു മഹാന്‍ . വന്ന ഉടനെ കലിപ്പോടെ ആഷിഫിനെ നോക്കി ഒന്ന് ആക്കി. ആഷിഫ്‌ തിരിച്ചും.
"ഞങ്ങള്‍ വിചാരിച്ചു നീ തോറ്റു നാടുവിട്ടു കാണും എന്ന്" ആഷിഫ്‌ അവനെ ചൊറിയാന്‍ തുടങ്ങി. രനീഷിനു മിണ്ടാട്ടം ഇല്ല. ആള്‍ ഭയങ്കര സീരിയസ് ആണ്.
ഷര്‍ട്ടൊക്കെ വലിച്ചഴിച്ചു ദൂരേക്കെറിഞ്ഞു അവന്‍ എന്നോട് ആജ്ഞാപിച്ചു 
"ഡാ ഗഡിയെ ആ ഫാനൊന്നിട്ട്രാ..."
"നിനക്ക് കണ്ണ് കണ്ടൂടെ പൊട്ടാ, മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ? " എന്ന് ഞാനും.
"ഓ സോറി ഡാ കെട്ടുപോകും അല്ലെ..."
കയ്യില്‍ ബാക്കിയിരുന്ന ഒരു സിഗരറ്റും കത്തിച്ചു അവന്‍ നേരെ അടുക്കള ഭാഗത്തെ കിണറിന്റെ അടുത്തേക്ക് പോയി.

No comments:

Post a Comment